നായ സ്കൂട്ടറിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്; കോട്ടയത്ത് ആറ് പേരെ കടിച്ചു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെരുവുനായ ആക്രമണം. കോട്ടയത്ത് ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഏറ്റുമാനൂരിലാണ് രണ്ടു കുട്ടികളും ഇതര സംസ്ഥാന തൊഴിലാളിയും ഉൾപ്പെടെ ആറ് പേർക്ക് നായയുടെ കടിയേറ്റത്.
വൈകീട്ട് നാലരയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് വടകരയിൽ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു.
നിയന്ത്രണം നഷ്ടമായ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് അഴിത്തല തൈക്കൂട്ടത്തിൽ ഉല്ലാസ്, ലേഖ എന്നിവർക്കാണ് പരിക്കേറ്റത്. വടകര സാന്റ് ബാങ്ക്സ് റോഡിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ലേഖയുടെ നെറ്റിയിലും കൈയിലുമാണ് പരിക്കുള്ളത്. പത്ത് ദിവസം മുമ്പ് കോട്ടയം പാമ്പാടിയിൽ വീട്ടിൽ കിടന്നുറങ്ങിയ 12 വയസുള്ള കുട്ടികളടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
ഇതിൽ ഏഴാം മൈൽ സ്വദേശി നിഷയുടെ ശരീരത്തിൽ 38 മുറിവുകളാണ് ഉണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. നായയുടെ കടിയേറ്റ് സുമിയുടെ വിരല്‍ അറ്റുപോയി.
അതേസമയം, അക്രമകാരികളായ നായകളെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.