പൊലീസ് പിന്തുടർന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
അപകടത്തില്‍ മരിച്ച ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ക്രൈംബ്രാഞ്ച്
കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടർന്ന വാഹനം മറിഞ്ഞ് വിദ്യർഥി മരിച്ചതിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടത്തില്‍ മരിച്ച ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസിനെ കണ്ട് ഓടിച്ചിപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫർഹാസ്(17) ആണ് മരിച്ചത്.ആഗസ്റ്റ് 25 നാണ് സംഭവം നടന്നത്. സ്‌കൂളിൽ ഓണപരിപാടി നടന്ന ദിവസമാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ആരോപിച്ച് ഫർഹാസിന്റെ മാതാവ് നൽകിയ പരാതിയെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. വിദ്യാർഥികളോട് പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് . അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ലായിരുന്നു വെന്നും റിപ്പോർട്ടിൽ പറയുന്നു.
കാറിലുണ്ടായിരുന്നത് വിദ്യാർത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമെന്ന് ആരോപണം നേരിട്ട പൊലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. നിർത്തിയിട്ടിരുന്ന കാറിനടുത്ത് പൊലീസുകാരെത്തിയപ്പോൾ ഭയന്നാണ് വിദ്യാർഥികൾ കാറെടുത്ത് പോയതെന്ന് നാട്ടുകാർ പറയുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി ക്രൈംബ്രാഞ്ച് പറഞ്ഞു. കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉൾപ്പടെ നിരവധി സംഘടനക രംഗത്ത് വന്നിരുന്നു.