തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്ക്
വിദ്യാർഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക്. തിരുമല എ.എം.എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥി സന്ദീപിനാണ് പരിക്കേറ്റത്. വിദ്യാർഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്ന് രാവിലെ സ്കൂളിൽ പോവാനായി ഇറങ്ങിയതാണ് സന്ദീപ്. എട്ടരയോടെ കാട്ടാക്കട പൊട്ടൻകാവിൽ നിന്ന് ബസ് കയറി. അന്തിയൂർക്കോണം പാലം കഴിഞ്ഞയുടനെയാണ് അപകടം ഉണ്ടായത്. ഗട്ടറിൽ വീണ ബസിന്റെ ഡോർ അപ്രതീക്ഷിതമായി തുറന്നതോടെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീണു.
സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്നാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി വീണതറിഞ്ഞിട്ടും ബസ് ഏറെ ദൂരം നിർത്താതെ മുന്നോട്ടുപോയി. നാട്ടുകാർ പിന്തുടർന്നെത്തിയാണ് ബസ് തടഞ്ഞിട്ടത്. അപകടത്തിൽ സന്ദീപിന് രണ്ട് കൈകൾക്കും വയറിനും പരിക്കുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ സന്ദീപ് വീട്ടിൽ വിശ്രമത്തിലാണ്.