ബിരിയാണി വാങ്ങിത്തരാമെന്നു പറഞ്ഞാണ് എസ്.എഫ്.ഐ സമരത്തിനു കൊണ്ടുപോയത്, പക്ഷേ തന്നില്ലെന്ന് വിദ്യാര്‍ഥികള്‍
തങ്ങളറിയാതെ വിദ്യാര്‍ഥികളെ കലക്ടറേറ്റ് മാർച്ചിന് കൊണ്ടുപോയതിനെ രക്ഷിതാക്കളിൽ ചിലർ ചോദ്യംചെയ്തു
പാലക്കാട്: രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ വിദ്യാർഥികളെ എസ്.എഫ്.ഐ മാർച്ചിന് കൊണ്ടുപോയത് വിവാദത്തിൽ. പാലക്കാട് പത്തിരിപ്പാല ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തങ്ങളെ കലക്ട്രേറ്റ് മാർച്ചിന് കൊണ്ടുപോയതെന്ന് വിദ്യാര്‍ഥികൾ പറഞ്ഞു. രക്ഷിതാക്കളും - എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തങ്ങളറിയാതെ വിദ്യാര്‍ഥികളെ കലക്ടറേറ്റ് മാർച്ചിന് കൊണ്ടുപോയതിനെ രക്ഷിതാക്കളിൽ ചിലർ ചോദ്യംചെയ്തു. നിരവധി പേർ ഇന്ന് പ്രതിഷേധവുമായി സ്കൂളിലെത്തി. അനുമതി ഇല്ലാതെയാണ് വിദ്യാര്‍ഥികളെ കൊണ്ടുപോയതെന്ന് പ്രധാനാധ്യാപിക ടി.അനിത പറഞ്ഞു. കോളജിലെ ചേട്ടന്മാർ വന്ന് വിളിച്ചതിനാൽ പോയി എന്നാണ് കുട്ടികൾ പറഞ്ഞത്. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.അതേസമയം, കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച സ്‌കൂൾ വരുത്തിയിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് സുരേഷ് പറഞ്ഞു. സ്‌കൂളിന് പുറത്ത് നിന്നാണ് വിദ്യാർഥികളെ സമരക്കാർ വിളിച്ചുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് മാര്‍ച്ചിനു കൊണ്ടുപോയതെന്നും ഭക്ഷണമെന്നും നൽകിയില്ലെന്നും വിദ്യാര്‍ഥികൾ പ്രതികരിച്ചു. എന്നാല്‍ ആരെയും നിർബന്ധിച്ചിട്ടില്ല, ചില രക്ഷിതാക്കളുടെ രാഷ്ട്രീയ താൽപര്യമാണ് വിവാദങ്ങൾക്ക് കാരണമെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂൾ പരിസരത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു.