പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷൻ കേസെടുത്തു
ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്
തേഞ്ഞിപ്പാലം പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ ആത്മഹത്യയിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടി ഇന്നലെ വൈകീട്ട് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിക്കും മുമ്പേ പെൺകുട്ടി മരിച്ചിരുന്നു.
ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഏഴ് മാസം മുമ്പാണ് പീഡനം നടന്നത്.ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ആരും പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു. നേരത്തെയും കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. പെൺകുട്ടിക്ക് മതിയായ കൗൺസിലിങ്ങും സംരക്ഷണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.