മന്ത്രി അറിഞ്ഞോ? ഓണത്തിനുശേഷവും സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല-മീഡിയവണ്‍ അന്വേഷണം
അരിയടക്കം അവശ്യസാധനങ്ങളില്‍ പകുതി പോലും ഔട്ട്ലെറ്റുകളില്‍ ലഭ്യമല്ല
തിരുവനന്തപുരം: സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലായെന്നത് മാധ്യമസൃഷ്ടിയെന്നായിരുന്നു ഓണത്തിനുമുന്‍പ് ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നത്. ഓണത്തിനുശേഷം സപ്ലൈകോയിലെ സാധനങ്ങളുടെ കണക്കെടുപ്പ് മാധ്യമങ്ങള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി പരിഹസിച്ചതാണ്. എന്നാല്‍, ഓണം കഴിഞ്ഞു രണ്ടു മാസമായിട്ടും സപ്ലൈകോയില്‍ അവശ്യസാധനങ്ങളെത്തിയിട്ടില്ലെന്നാണ് 'മീഡിയവണ്‍' അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
പൊതുവിപണിയെക്കാള്‍ വിലക്കുറവ് സര്‍ക്കാരിന്‍റെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകാറുണ്ട്. എന്നാല്‍, ഇപ്പോള്‍ അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. അരിയും പഞ്ചസാരയും മുളകും മല്ലിയും പയറും ഉഴുന്നും എണ്ണയും തുടങ്ങി പതിമൂന്നിന അവശ്യസാധനങ്ങളില്‍ പകുതിയിലധികവും സപ്ലൈകോയില്‍ ഇല്ല. സബ്സിഡി പ്രതീക്ഷിച്ച് എത്തുന്നവര്‍ വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയിലാണ്.
സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നുകൂടി സര്‍ക്കാര്‍ പറഞ്ഞുതരണമെന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. ഓണത്തിനുമുന്‍പ് വലിയതോതില്‍ ആളുകള്‍ സപ്ലൈകോയില്‍ എത്തിയതാണ് സാധനങ്ങള്‍ തീരാന്‍ കാരണമെന്നായിരുന്നു സര്‍ക്കാര്‍ ന്യായം. ഓണം കഴിഞ്ഞ് ഇത്രയും നാളായിട്ടും സബ്സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.
തലസ്ഥാനനഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ഞങ്ങള്‍ പോയത്. സബ്സിഡിയുള്ള പതിമൂന്നിന സാനങ്ങളില്‍ പകുതിപോലും ഇവിടെയുണ്ടായിരുന്നില്ല. ഓണത്തിനുമുന്‍പ് ത്വരിതഗതിയില്‍ ഇടപെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ സപ്ലൈകോയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.
Summary: Even after Onam, Supplyco is out of essentials, including rice: MediaOne Investigation