കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രിംകോടതി; വിധിപ്പകർപ്പ് പുറത്ത്
കേരളത്തിനെതിരെ കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന വാദം ശരിയാണെന്ന് വിധിയിൽ സുപ്രിംകോടതി
ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയുടെ പകർപ്പ് പുറത്ത്. കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രിംകോടതി വിധിയിൽ പറയുന്നു. 10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിനെതിരെ കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന വാദം ശരിയാണെന്ന് വിധിയിൽ പറയുന്നു. സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ അവകാശമുണ്ടെന്ന വാദം തെറ്റാണ്. 2017-20 കാലത്ത് അധികമായി കടമെടുത്തുവെന്ന കേന്ദ്രവാദം കോടതി ശരിവച്ചു. അതിനാൽ 2023-24 സാമ്പത്തിക വർഷവും കേരളം കടമെടുപ്പ് പരിധി മറികടന്നു. അവകാശമുള്ള തുകയിലെ കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു.
കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹരജി ഇന്ന് സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഷയത്തില്‍ തീരുമാനത്തിനായി കേരളം ഇനിയും കാത്തിരിക്കേണ്ടിവരും.
കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയം പരിശോധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം.
വായ്പപരിധി വെട്ടിക്കുറച്ചതിനെതിരെയാണ് കേരളം സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ക്ഷേമപെൻഷനും ശമ്പളവും നൽകുന്നതിൽ പോലും സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായി കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചിരുന്നു. അതേസമയം വായ്പാപരിധി കേരളത്തിനായി മാത്രം ഉയർത്താനാവില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
Summary: The Supreme Court verdict says that Kerala has no right to borrow more