'മീഡിയവൺ ഭരണഘടനയെ മാനിക്കാറില്ലെന്ന് നേരത്തെ അറിയാം'; സഹമന്ത്രി സ്ഥാനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിൽ ക്ഷുഭിതനായി സുരേഷ് ഗോപി
കേരളത്തിനും തമിഴ്നാടിനുമായി ആഞ്ഞുപിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ന്യൂഡൽഹി: സഹമന്ത്രി സ്ഥാനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിൽ ക്ഷുഭിതനായി സുരേഷ് ഗോപി. താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. തന്റെ ആഗ്രഹം എന്താണെന്ന് എല്ലാവർക്കുമറിയാം. അത് ഇനിയും പറയും. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി ആഞ്ഞുപിടിക്കും. ജോർജ് കുര്യൻ കൂടിയുള്ളതുകൊണ്ട് ജോലി പങ്കുവക്കാൻ കഴിയും. മീഡിയവൺ ഭരണഘടനയെ എത്രത്തോളം മതിക്കുന്നുവെന്ന് നേരത്തെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
72 അംഗ മന്ത്രിസഭയാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. കേരളത്തിൽനിന്ന് സുരേഷ് ഗോപയും ജോർജ് കുര്യനുമാണ് മന്ത്രിമാരായത്. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുണ്ടാവും എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ പ്രഖ്യാപനം വന്നപ്പോൾ അത് സഹമന്ത്രി പദവിയിലൊതുങ്ങി. ഒരു മുസ്‌ലിം മന്ത്രി പോലുമില്ലാതെയാണ് മോദി മന്ത്രിസഭ അധികാരമേറ്റത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് മുസ്‌ലിം പ്രാതിനിധ്യമില്ലാത്ത സർക്കാർ അധികാരമേൽക്കുന്നത്.