മീഡിയവണ്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ക്ഷമ ചോദിച്ച് സുരേഷ് ഗോപി
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി
കോഴിക്കോട്: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മാധ്യമപ്രവര്‍ത്തക തന്‍റെ വഴിമുടക്കിയാണ് നിന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ''വളരെ ശുദ്ധതയോടെ മാത്രമേ ഇത്തരം സാഹചര്യങ്ങളിലെല്ലാം പെരുമാറിയിട്ടുള്ളൂ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ശരിക്ക് പറഞ്ഞാല്‍ എന്റെ വഴിമുടക്കിയാണ് നിന്നത്. രണ്ട് മൂന്ന് തവണ ഞാന്‍ പോകാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ കുറുകെ നില്‍ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോള്‍, ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ..വെയ്റ്റ് ചെയ്യൂ... നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും മറ്റൊരു തരത്തില്‍ വിചാരിച്ചിട്ടേയില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്താറുണ്ട്. ഇടപഴകിയ മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാം'' സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ കുറിപ്പ്
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.