കാലിന് വയ്യായിരുന്നു, നടക്കാൻ കഴിയാത്തത് കൊണ്ട് ആംബുലൻസിൽ കയറി; സമ്മതിച്ച് സുരേഷ് ഗോപി

നേരത്തെ ആംബുലൻസിൽ കയറിയത് മായക്കാഴ്‌ചയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

Update: 2024-10-31 05:00 GMT
Editor : banuisahak | By : Web Desk
Advertising

തൃശൂർ: പൂരനഗരിയിൽ ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്തത് കൊണ്ടാണ് ആംബുലൻസ് ഉപയോഗിച്ചത്. നടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒരുപറ്റം യുവാക്കളാണ്. കരുവന്നൂർ കേസ് മറയ്ക്കാനാണ് പൂരം വിവാദം ഉയർത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. 

 'ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും കളിക്കുകയാണ്. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ, ആ മൊഴിയിൽ എന്താ പറഞ്ഞിരിക്കുന്നത്... ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്? ഞാൻ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെവേണമെങ്കിലും ആർക്ക് വേണമെങ്കിലും പറയാം. അത് സെൻസർ ചെയ്ത് തിയേറ്ററിൽ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നിൽ പ്രദർശിപ്പിച്ചതാണ്. ഒരുത്തന്‍റെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ല'- സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ. 

'ഞാൻ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവർത്തനം നടത്തിയത്. ആ കണ്ടീഷനിൽ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാൻ പറ്റുന്നില്ല. അതിന് മുമ്പ് ഞാൻ കാറിൽ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് എത്തിയപ്പോൾ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാർ, ഗുണ്ടകൾ എന്‍റെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യിൽ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാൻ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാൻ ആംബുലൻസിൽ കയറിയത്'- സുരേഷ് ഗോപി പറഞ്ഞു. 

നേരത്തെ, പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്ന് ഉറച്ചുനിൽക്കുകയായിരുന്നു സുരേഷ് ഗോപി. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും ആയിരുന്നു മുൻപ് നടത്തിയ പ്രതികരണം. തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്കു വിടട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലക്കംമറിഞ്ഞത്. 


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News