കലൂര്‍ സ്റ്റേഡിയ അപകടം; തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ജിസിഡിഎ ശ്രമമെന്ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥ
മൃദംഗ വിഷന്‍റെ അപേക്ഷ വന്നപ്പോൾ എഞ്ചിനീയറിങ് വിഭാഗത്തോട് റിപ്പോർട്ട് തേടിയില്ല
കൊച്ചി: കലൂർ അപകടത്തിൽ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ജിസിഡിഎ ശ്രമമെന്ന് സസ്പെൻഷനിലായ ജിസിഡിഎ ഉദ്യോഗസ്ഥ മീഡിയവണിനോട്. മൃദംഗ വിഷന്‍റെ അപേക്ഷ വന്നപ്പോൾ എഞ്ചിനീയറിങ് വിഭാഗത്തോട് റിപ്പോർട്ട് തേടിയില്ല . എസ്റ്റേറ്റ് വിഭാഗത്തോട് മാത്രമാണ് ചോദിച്ചതെന്നും താൽക്കാലിക സ്റ്റേജ് പരിശോധിക്കേണ്ടത് കൊച്ചി കോർപ്പറേഷൻ എഞ്ചിനീയറിങ് വിഭാഗമാണെന്നും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.എസ് ഉഷ മീഡിയവണിനോട് പറഞ്ഞു.
അതേസമയം സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, നിഘോഷിന്‍റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടിയിരുന്നു.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ശേഷം പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആറിൽ ആണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരായ ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്.