എറണാകുളത്ത് MDMAയുമായി യുവതിയും യുവാവും പിടിയിൽ
ബെംഗളൂരുവിൽ നിന്ന് ബസിൽ എത്തുമ്പോഴാണ് ഇവരെ പിടികൂടിയത്
എറണാകുളം: നൂറ് ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പൊലീസ് പിടിയിൽ. ആലുവ സ്വദേശി ആസിഫ് അലി, കൊല്ലം സ്വദേശി ആഞ്ജല എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് സംഘവും, നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് പിടികൂടിയ രാസലഹരി. യുവതിയുടെ പാൻ്റിൻ്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയും ആസിഫ് അലിയും പരിചയത്തിലാകുന്നത്. തുടർന്ന് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. മുമ്പ് പല തവണ യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. കടത്തിനായി ആഞ്ജലയേയും കൂടെ കൂട്ടുകയായിരുന്നു.
ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്ന് യുവതി പറയുന്നു. വീട്ടിലിരുന്ന് ഒൺലൈൻ ട്രേഡിംഗായിരുന്നു ആഞ്ജല ചെയ്തിരുന്നത്. രാസലഹരിക്കുള്ള പണം സിഡിഎമ്മിലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും. അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കും. നാട്ടിൽ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്താറാണ് പതിവ്.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ സാബുജി എം.എ.എസ്, എസ്ഐ എ.സി ബിജു, എഎസ്ഐ റോണി അഗസ്റ്റിൻ, സീനിയർ സിപിഒമാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.