ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്, പാലക്കാട് സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു
30 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്
പാലക്കാട്: ആക്രി വ്യാപരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു.
ഓങ്ങല്ലൂർ സ്വദേശി നാസർ ആണ് പിടിയിലായത്. . ഏകദേശം 200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള 3 സ്ഥാപനങ്ങള്‍ സംസ്ഥാന ജിഎസ്ടി. വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
എണ്‍പതോളം വ്യാജ രജിസ്‌ട്രേഷനുകള്‍ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്. അന്വേഷണത്തില്‍ ഇടപ്പള്ളി അമൃത ഹോസ്പിറ്റലിന്റെ റിസപ്ഷന്‍ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ പോലും വ്യാജരേഖകള്‍ ചമച്ച് രജിസ്‌ട്രേഷനുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഇയാളുടെ വസതിയില്‍ നടത്തിയ പരിശോധനയെതുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ജിഎസ്ടി ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.