'മോശമായി ഒന്നും പറഞ്ഞില്ല, തന്റെ വാക്കുകൾ വളച്ചൊടിച്ചു നടിക്ക് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു'; ബോബി ചെമ്മണ്ണൂർ മീഡിയവണിനോട്‌

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനായുള്ള ശിക്ഷ സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂർ

Update: 2025-01-07 14:41 GMT
Editor : ശരത് പി | By : Web Desk
Advertising

ഹണി റോസ് തനിക്കെതിരായി നൽകിയ പരാതിയിൽ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ. തന്റെ രണ്ട് ഉദ്ഘാടനങ്ങൾക്ക് ഹണി റോസ് വന്നിരുന്നു. താൻ അവരെ ഉപമിക്കാനായി ഉപയോഗിച്ച പദത്തെ ആളുകൾ വളച്ചൊടിച്ചതാണ്. തന്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ചതിൽ ഖേദിക്കുന്നു.

ഹണി റോസിനെ അപമാനിച്ചിട്ടില്ല. എല്ലാവരെയും സഹായിക്കുക എന്നത് മാത്രമാണ് തന്റെ രീതി.

താൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ സ്വീകരിച്ചിരിക്കും.

ഹണി റോസിനോട് അപമര്യാദയായി പെരുമാറുകയോ സമ്മതം കൂടാതെ ശരീരത്തിൽ സ്പർശിക്കുകയോ ചെയ്തിട്ടില്ല. നൃത്തം ചെയ്തത് സമ്മതത്തോടെയാണ്. താൻ കൈ നീട്ടിയപ്പോൾ അവർ കൈതന്നതാണ്. മുമ്പ് ഹണി റോസിനെ ഒരുപാട് പേർ ആക്രമിച്ചിരുന്നു അത് തന്നെ വേദനിപ്പിച്ചിട്ടുണ്ട്. നിയമത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

ഇതിനിടെ ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്.

ഫേസ്ബുക്കിൽ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെയാണ് പരാതിയുടെ വാർത്ത പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പുറമെ ഉണ്ടാവുമെന്നും നടി പോസ്റ്റിൽ കുറിക്കുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്.

'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ് കൂട്ടിച്ചേർത്തു.

താനും തന്റെ കുടുംബവും മാനസിക ബുദ്ധിമുട്ടിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നെന്നും നിയമപ്രകാരം ഏതൊക്കെ രീതിയിൽ മുന്നോട്ടുപോകാമോ ആ രീതിയിലെല്ലാം മുന്നോട്ടുപോകുമെന്നും ഹണി മീഡിയവണിനോട് പറഞ്ഞു.

തന്റെ പോസ്റ്റിന് താഴെ പിന്തുണയുമായുള്ള കമന്റുകൾ കാണുമ്പോൾ സന്തോഷമുണ്ട്. പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ താൻ തുറന്ന് നോക്കാറില്ലായിരുന്നു. അമ്മയും ഫെഫ്കയുമടക്കം എല്ലാ സംഘടനകളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും നടി പറഞ്ഞു.

ചെറിയ കുട്ടികൾ വരെ ബോബി ചെമ്മണ്ണൂരിൽ നിന്നും മോശം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇത് എല്ലാവരും നേരിടുന്ന പ്രശ്നമാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News