'വേഗത്തിലുള്ള നടപടി പ്രതീക്ഷയും സന്തോഷവുമാണ്'; ആരോഗ്യമന്ത്രിക്ക് ബിഗ് സല്യൂട്ടുമായി എം ജയചന്ദ്രനും ഹരിനാരായണനും

ശ്രീനന്ദക്ക് വേണ്ട ഇൻസുലിനും അനുബന്ധ മരുന്നുകളും ആവശ്യാനുസരണം ലഭ്യമാക്കാൻ തീരുമാനമായി

Update: 2022-09-17 16:19 GMT
Editor : afsal137 | By : Web Desk
Advertising

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ബിഗ് സല്യൂട്ടുമായി സംഗീത സംവിധായകൻ എം ജയചന്ദ്രനും ഗാനരചയിതാവ് ഹരിനാരായണനും. പാലക്കാട് താരേക്കാട് മോയിൻസ് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ ഇടപെടലിനെ പ്രശംസിച്ചാണ് ഇരുവരും രംഗത്തെത്തിയത്. ഇരുവരുടെയും സുഹൃത്തായ സുരേഷിന്റെ മകളാണ് ശ്രീനന്ദ.

നാല് വയസ് മുതൽ ശ്രീനന്ദ ടൈപ്പ് വൺ പ്രമേഹ രോഗിയാണ്. കുട്ടിയുടെ ഷുഗർ ലെവൽ പലപ്പോഴും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പോഴും ഇങ്ങനെ സംഭവിക്കാറുള്ളത്. ഹൈപ്പോ സ്റ്റേജിലെത്തിയാൽ മുഖമൊക്കെ കോടി നിലത്തു വീഴുന്ന സാഹചര്യവുണ്ട്. ഗ്ലൂക്കോസ് പൊടി കലക്കി കൊടുത്താൽ ദീർഘ നേരം കുട്ടി തളർന്ന് കിടക്കും. ഒട്ടുമിക്ക സമയത്തും മാതാപിതാക്കൾ കുട്ടിയുടെ അടുത്ത് തന്നെയുണ്ടാകും. ഡ്രൈവറായ സുരേഷ് കുടുംബസമേതം വാടക വീട്ടിലാണ് താമസം.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇൻസുലിൻ കൊടുക്കേണ്ടതുണ്ട്. നിത്യേന ഷുഗർ ചെക്ക് ചെയ്യണം. ചികിത്സാച്ചിലവ് ഈ ചെറിയ കുടുബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. കുട്ടിക്ക് ഇൻസുലിൻ പമ്പ് ഘടിപ്പിക്കലാണ് ഏക പരിഹാരമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിന് ഏഴ് ലക്ഷമാണ് ചെലവ്. സർക്കാറിന്റെ മിഠായി പദ്ധതിയിൽ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോൾ ഇൻസുലിൻ ലഭിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് എം ജയചന്ദ്രൻ സുഹൃത്തിന്റെ മകളുടെ കാര്യം ഹരിനാരായണനോട് പറഞ്ഞത്. തൃശൂരിൽ നടന്ന ചടങ്ങിൽവെച്ച് മന്ത്രി വീണാ ജോർജിനെ കണ്ടുമുട്ടിയപ്പോൾ ഹരിനാരായണൻ ശ്രീനന്ദയുടെ കാര്യം ശ്രദ്ധയിൽപെടുത്തി. ഉടൻതന്നെ മന്ത്രി സുരേഷുമായി ഫോണിൽ സംസാരിച്ചു. ശ്രീനന്ദയ്ക്ക് വേണ്ട സഹായം ചെയ്യാമെന്ന് മന്ത്രി ഉറപ്പും നൽകി.

ശ്രീനന്ദക്ക് വേണ്ട ഇൻസുലിനും അനുബന്ധ മരുന്നുകളും ആവശ്യാനുസരണം ലഭ്യമാക്കാൻ തീരുമാനമായി. മരുന്ന് തൃശൂരിൽ പോയി വാങ്ങാതെ പാലക്കാട് നിന്ന് തന്നെ ലഭിക്കും. മരുന്ന് എപ്പോൾ തീർന്നാലും, എന്ത് സഹായത്തിനും ആർബിഎസ്‌കെ നഴ്സിനെ വിളിക്കാം. കുട്ടിയുടെ അധ്യാപകർക്ക് രോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകാനും തീരുമാനമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധരുമായി ചർച്ചചെയ്ത്, ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ അത് (ഇൻസുലിൻ പമ്പാണങ്കിൽ അത്) കുട്ടിക്ക് ലഭ്യമാക്കും.

ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയും ഉറപ്പും ഒരു പ്രതീക്ഷയും സന്തോഷവുമാണെന്ന് എം ജയചന്ദ്രനും ഹരിനാരായണനും കുറിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനും ഡോക്ടർമാർക്കും ആരോഗ്യവകുപ്പിനും സർക്കാരിനും വലിയൊരു സല്യൂട്ട് എന്ന് പറഞ്ഞാണ് ഇരുവരുടേയും കുറിപ്പ് അവസാനിക്കുന്നത്.

Full View


Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News