Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വിഗ്ഗി ജീവനക്കാരുടെ സമരം താത്കാലികമായി നിർത്തി. തൊഴിൽ മന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. വേതന പരിഷ്കരണം, ജോലി സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. സ്വിഗ്ഗി ഇൻസ്റമാർട്ട് സ്റ്റോറികളിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി.
ഡെലിവറി ചാർജ് വെട്ടിക്കുറച്ച കമ്പനി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സ്വിഗ്ഗി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലയിരുന്നു സമരം. അതിനിടെയായിരുന്നു വേതന വർധന ആവശ്യപ്പെട്ട സ്വിഗ്ഗി ജീവനക്കാരന് മർദ്ദനമേറ്റത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അമീനാണ് മർദനമേറ്റത്. മാനേജ്മെന്റിന്റെ ആളുകളാണ് മർദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. സമരം ഒത്തുതീർപ്പാക്കാമെന്ന് കാണിച്ച് ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനമെന്നാണ് പരാതി. തലപൊട്ടിയ നിലയിൽ അമീനെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.