സിറോ മലബാർ സഭയിലെ ആരാധനാക്രമ ഏകീകരണം; കളങ്കപ്പെട്ട തീരുമാനമെന്ന് ഒരു വിഭാഗം വൈദികര്‍

കുർബാനയുടെ ഭൂരിഭാഗം സമയവും ജനാഭിമുഖമായി, അൾത്താരയെ അഭിമുഖീകരിക്കുന്നത് അനാഫൊറാ ഭാഗത്ത് മാത്രം

Update: 2021-08-27 15:14 GMT
Advertising

സിറോമലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിച്ചതായി സിനഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആമുഖശുശ്രൂഷയും വചനശുശ്രൂഷയും സമാപനശുശ്രൂഷയും ജനാഭിമുഖമായായിരിക്കും നിര്‍വഹിക്കുക. കുര്‍ബാനയുടെ പ്രധാനഭാഗമായ അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായി നിര്‍വഹിക്കും. പരിഷ്കരിച്ച ആരാധനക്രമം സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ ഐക്യകണ്ഠേന അംഗീകരിച്ചതായി സഭ നേതൃത്വം അറിയിച്ചു. 2021 നവംബർ 28 മുതല്‍ പുതിയ രീതി നടപ്പിലാക്കാനാണ് തീരുമാനം.

അതേസമയം, പുതിയ തീരുമാനം സഭയില്‍ വിള്ളലുണ്ടാക്കുമെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെയും വൈദികരുടെയും ആരോപണം. ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട തീരുമാനമാണിതെന്ന് അതിരൂപതാ സംരക്ഷണ സമിതി വ്യക്തമാക്കി. ഏതാനും ചില മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്പിക്കുന്നതായും സമിതി കൺവീനർ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. സഭയില്‍ വീണ്ടും വിഭാഗിയതയും പ്രശ്നങ്ങളും സൃഷ്ടിക്കാനേ ഏകീകരണം ഉപകരിക്കൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. പിതാക്കന്മാരും വൈദികരും വിശ്വാസികളും ഒത്തൊരുമിച്ച് മാര്‍പാപ്പയ്ക്ക് പരാതി നൽകാനാണ് തീരുമാനം. 

സഭാ ഐക്യത്തിന് ആരാധനാക്രമങ്ങളിലെ ഏകീകരണം ആവശ്യമാണെന്നാണ് സിനഡിന്‍റെ വിലയിരുത്തല്‍. ചലച്ചിത്രമേഖലയില്‍ ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണത വര്‍ധിക്കുന്നതായും സിറോമലബാര്‍ സഭ സിനഡ് ചൂണ്ടിക്കാട്ടി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെങ്കിലും വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News