ഏകീകൃത കുർബാന തർക്കം: മധ്യസ്ഥതക്ക് സര്‍ക്കാര്‍ സഹായം വേണ്ടെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയില്‍

വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഭരണഘടനാപരമായ അധികാരം സഭയ്ക്കാണെന്നും കർദിനാൾ ജോർജ് ആലഞ്ചേരി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു

Update: 2023-03-22 12:49 GMT
Advertising

കൊച്ചി: ഏകീകൃത കുർബാന തർക്കത്തിൽ സർക്കാരിന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഭരണഘടനാപരമായ അധികാരം സഭയ്ക്കാണെന്നും കർദിനാൾ ജോർജ് ആലഞ്ചേരി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.

ഏകീകൃത കുർബാന തർക്കത്തിന്റെ പേരിൽ അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക തുറന്ന് മധ്യസ്ഥ ശ്രമം ആരംഭിക്കണമെന്ന ഹരജിയിലാണ് സിറോ മലബാർ സഭ നിലപാട് വ്യക്തമാക്കിയത്. ഹരജി നിലനിൽക്കില്ലെന്നാണ് മാർ ജോർജ് ആലഞ്ചേരി കോടതിയെ അറിയിച്ചത്.


ഏകീകൃത കുർബാന സംബന്ധിച്ച തീരുമാനം സിനഡ് ഐകകണ്‌ഠേന കൈക്കൊണ്ടതാണ്. എറണാകുളം അങ്കമാലി രൂപതിയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. സഭയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് മധ്യസ്ഥ വഹിക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തിൽ അന്തിമവാക്ക് സഭയുടേതാണെന്നുമാണ് സത്യവാങ്മൂലം.


മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും കക്ഷികളെയും നിർബന്ധിക്കരുതെന്നും സത്യവാങ്മൂലത്തിലുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എതിർപ്പില്ല എന്നാൽ ഇതിന്റെ മറവിൽ വിശ്വാസപരമായ കാര്യങ്ങളിലേക്ക് മധ്യസ്ഥതയുമായി വരുന്നത് അംഗീകരിക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. 


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News