തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തും

നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ ജലനിരപ്പ് ഉയരാൻ ഇടയാക്കും. പ്രത്യേകിച്ചും കേരളത്തിൽ തുലാവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജലനിരപ്പ് ഇനിയുമുയരും.

Update: 2021-10-26 16:20 GMT
Editor : Nidhin | By : Web Desk
Advertising

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിർത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേരളം ആവശ്യപ്പെട്ടത് 137 അടിയായി ജലനിരപ്പ് നിലനിർത്താനായിരുന്നു. തമിഴ്‌നാടിന്റെ ആവശ്യം 142 അടിയായി ഉയർത്തണമെന്നായിരുന്നു.

ഒടുവിൽ ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലമൊഴുക്കി വിടാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം 2018 ൽ സുപ്രീം കോടതി നിർദേശിച്ച ജലനിരപ്പ് 139.99 അടിയായിരുന്നു. ഇതും യോഗത്തിൽ കേരളം ചൂണ്ടിക്കാട്ടി.

നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ ജലനിരപ്പ് ഉയരാൻ ഇടയാക്കും. പ്രത്യേകിച്ചും കേരളത്തിൽ തുലാവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജലനിരപ്പ് ഇനിയുമുയരും.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗ തീരുമാനങ്ങൾ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News