അധികം യാത്രക്കാരെ കയറ്റിയത് തന്നെ അപകടകാരണം; സ്രാങ്കിന്റെ പരിചയക്കുറവും തിരിച്ചടിയായി
22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മാരിടൈം ബോർഡ് തുറമുഖ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന്റെ പ്രധാന കാരണം കൂടുതൽ യാത്രക്കാരെ കയറ്റിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ പരിചയക്കുറവും ബോട്ട് മറിയാൻ കാരണമായി. 22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അപകടത്തിൽപെട്ട അറ്റ്ലാൻന്റിക് ബോട്ടിന് ഇൻഷുറൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. 22 യാത്രക്കാർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. അറ്റ്ലാൻഡ് എന്ന ബോട്ട് നിർമിച്ചത് അനുമതിയില്ലാതെയെന്ന് രേഖകൾ പരിശോധിച്ചതിൽ കണ്ടെത്തി. ബോട്ടിന് പിഴ ഈടാക്കിയാണ് നിർമാണം ക്രമപ്പെടുത്തിയത്. 10000 രൂപയാണ് ഇതിനായി ഈടാക്കിയത്. മരിടൈം ബോർഡ് സി.ഇ.ഒ ഇതുസംബന്ധിച്ച് കത്ത് നൽകി.
അപകടത്തിനു പിന്നാലെ ബോട്ടുടമ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. നാസറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. കോഴിക്കോട് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ട് സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളും പറയുന്നത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. ആറ് മണിക്ക് സർവീസ് നിർത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സർവീസ് നടത്തിയത്. ഉടമ നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു