30 വർഷം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി: റിട്ട.അധ്യാപകനും മുന്‍കൗണ്‍സിലറുമായ ശശികുമാര്‍ കസ്റ്റഡിയില്‍
പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവിലായിരുന്നു
മലപ്പുറം: 30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്നതിന് പിന്നാലെ റിട്ടയേഡ് അധ്യാപകനും മുന്‍കൗണ്‍സിലറുമായ കെ.വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറായിരുന്നു ശശികുമാര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ മീ ടൂ പരാതി ഉയര്‍ന്നതോടെ കൗൺസിലര്‍ സ്ഥാനം രാജിവെച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി.
സ്‌കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയർന്നുവന്നത്. പൊലീസ് കേസെടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. പല തവണ പരാതി നൽകിയിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചു.
അധ്യാപകനായിരുന്ന 30 വർഷക്കാലം ശശികുമാര്‍ ചില വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മലപ്പുറം ഡി.ഡി.ഇയോട് വിശദീകരണം തേടി.
ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ഇന്ന് സ്‌കൂളിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സ്‌കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.