'കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസ്സിൽ പങ്കെടുക്കണം': റജിസ്ട്രാറുടെ സര്‍ക്കുലര്‍
വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്
കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് റജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.
കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹരജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം. കുട്ടികളെ പങ്കെടുപ്പികണമെന്ന ഉത്തരവ് പിൻവലിച്ചുവെന്ന് സർക്കാർ അറിയിച്ചതിന് ശേഷവും മലപ്പുറത്ത് വിദ്യാർഥികളെ അണിനിരത്തിയെന്നാണ് പരാതി. ഇക്കാര്യത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം