പ്ലസ് വണ്‍ പ്രവേശനം; മലബാറിൽ 97 ബാച്ചുകൾ അനുവദിച്ചു, ഇനി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തും
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. പ്ലസ് വണിന് 97 അധിക ബാച്ചുകൾ അനുവദിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ വർഷം അനുവദിച്ച 81 ബാച്ചുകൾക്ക് പുറമെയാണ് 97 അധിക ബാച്ചുകൾ. ഒരു സപ്ലിമെന്ററി അലോട്മെന്റ് കൂടി നടത്തുമെന്നും മന്ത്രിപറഞ്ഞു.
ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളുടെ ഒന്നാം വർഷ ഏകജാലക പ്രവേശന നടപടികൾ ജൂൺ 2 മുതലാണ് ആരംഭിച്ചത്. 4,60,147 പേരാണ് അപേക്ഷിച്ചത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ ആകെ പ്ലസ് വൺ പ്രവേശനം നേടിയത് 4,03,731പേരാണ്. മലബാർ മേഖലയിൽ 15,784 പേരാണ് ആകെ പ്രവേശനത്തിന് കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം അനുവദിച്ച 83 അധിക ബാച്ചുകൾ ഇത്തവണയും തുടരും. വിവിധ ജില്ലകളിൽ നിന്നും പതിനാല് 14 ബാച്ചുകൾ മലപ്പുറം ജില്ലയിലേയ്ക്കും ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഈ പതിനാലിൽ പന്ത്രണ്ട് സയൻസ് ബാച്ചുകളും രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുകളും ഉൾക്കൊള്ളുന്നു.