'മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ഭീകര പ്രവർത്തനം': ഇ.പി ജയരാജൻ
ആർഎസ്എസ് നയിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് സ്വപ്‌ന
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലവിൽ സംസ്ഥാനത്ത് നടക്കുന്നത് മാഫിയാ ഭീകരപ്രവർത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ബോധപൂർവ്വം കെട്ടിചമച്ചതാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു.
കേരളത്തിലെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയെ കരിവാരിതേക്കാനാണ് ആരോപണങ്ങളിലൂടെ ഇവർ ശ്രമിക്കുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ നിഗൂഢ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ സമഗ്രമായ അന്വേഷണം നടന്നണമെന്നും അദ്ദേഹം പറഞ്ഞു.
പി സി ജോർജ് മാത്രമല്ല ആരോപണങ്ങൾക്ക് പിന്നിൽ. ആർഎസ്എസിനും ബിജെപിക്കും ഇതിൽ പങ്കുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഒരു സംസ്ഥാനത്തേയും സർക്കാരിനെയും ലക്ഷ്യംവെച്ച് മാഫിയാ സംഘങ്ങൾ ഉന്നയിക്കുകയാണ്. കേരള വിരുദ്ധ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി സർക്കാർ എടുക്കണമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
ആർഎസ്എസ് നയിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് സ്വപ്‌ന. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സൽക്കരിച്ച് കൊണ്ടുപോയി സ്ഥാനം കൊടുത്തത് ആർഎസ്എസ് ആണ്. അതിൽ നിന്ന് എല്ലാം വ്യക്തമാണെന്നും ഇ.പി പറഞ്ഞു.
അതേസമയം, തനിക്ക് രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു തരം അജണ്ടകളില്ലെന്നും ആര് മുഖ്യമന്ത്രിയായാലും തന്റെ വീട്ടിലേക്കല്ല വരുമാനം കൊണ്ടുവരുന്നതെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരെന്നൊ അവരുടെ കുടുംബത്തെക്കുറിച്ചോ താൻ ചിന്തിക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഒരു രാഷ്ട്രീയ അജണ്ടയുമില്ലെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊഴി കൊടുത്ത തനിക്ക് ഭീഷണിയുണ്ടെന്നും നിരന്തരം അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ച് കൊണ്ടേ ഇരിക്കുകയാണെന്നും തന്റെ 164 മൊഴി ആരും ഉപയോഗപ്പെടുത്താൻ ശ്രമിക്കരുതെന്നും സ്വപ്ന പറഞ്ഞു. പി സി ജോർജിനെ വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
സോളാർ കേസ് പ്രതി സരിതയെയും അറിയില്ലെന്നും അവർ വ്യക്തമാക്കി. താനും സരിതയും ഒരേ ജയിലിലുണ്ടായിരുന്നുവെന്നും ഒരു ഹായ് പോലും അവരോട് പറഞ്ഞിട്ടില്ലെന്നും എന്നാൽ താൻ ഇറങ്ങിയ ശേഷം തന്നെ സഹായിക്കാമെന്ന് പറഞ്ഞ് സരിത വിളിച്ച് അമ്മയെ നിരന്തരം ശല്യപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു. ഒരു കാര്യവുമില്ലാതെ സരിത തന്റെ പുറകെ നടക്കുകയാണെന്നും അവർ പറഞ്ഞു. ഇത്ര കാലം പറയാത്തത് ഇപ്പോൾ പറയുന്നുവെന്നല്ലെന്നും അവസരം വന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും മുഴുവൻ കാര്യങ്ങളും താൻ പറഞ്ഞ് കഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഈ കേസിൽ ഉൾപ്പെട്ട മറ്റു വ്യക്തികളുടെ ഭാര്യയും ബന്ധുക്കളും സുഖമായി ജീവിക്കുകയാണെന്നും മിസിസ് കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ലെന്നും താൻ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്നും സ്വപ്ന കുറ്റപ്പെടുത്തി. താൻ പറയുന്നത് വ്യക്തികളെക്കുറിച്ചാണെന്നും പിണറായി വിജയൻ, കമല, വീണ, ശിവശങ്കർ എന്നിവരെക്കുറിച്ചും അവരുടെ പദവികളെക്കുറിച്ചുമാണെന്നും സ്വപ്ന വ്യക്തമാക്കി.
താൻ 16 മാസം ജയിലിൽ കിടന്നുവെന്നും തനിക്കും കുടുംബത്തിനും ജീവിക്കണമെന്നും അവർ പറഞ്ഞു. കോടതി നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാം തനിക്ക് തുറന്നു പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. മുമ്പ് താൻ മാധ്യമങ്ങളെ കണ്ടത് ശിവശങ്കറിന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയാൻ മാത്രമായിരുന്നുവെന്നും ഇപ്പോൾ 164 പ്രകാരമുള്ള മൊഴി സംബന്ധിച്ച് മാത്രം സംസാരിക്കാനാണെന്നും സ്വപ്ന ചൂണ്ടിക്കാട്ടി.
കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്ന് സ്ഥിരമായി ബിരിയാണി ചെമ്പുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി എത്താറുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ ജവഹർ നഗറിലുള്ള കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്നാണ് പല തവണ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകളെത്തിയത്. എന്നാൽ, ബിരിയാണി ചെമ്പിനകത്ത് എന്താണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതിനു പകരം കൂടുതൽ ദുരൂഹതയ്ക്ക് വകനൽകുന്ന തരത്തിലുള്ള സൂചന നൽകുകയാണ് സ്വപ്ന ചെയ്തിരുന്നത്. ബിരിയാണി ചെമ്പിനകത്ത് ബിരിയാണി മാത്രമല്ല ഉണ്ടായിരുന്നതെന്നും ഭാരമുള്ള ലോഹവസ്തുക്കളടക്കമുള്ളവയുണ്ടായിരുന്നുവെന്നുമാണ് അവർ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ജയശങ്കറിന്റെ നിർദേശപ്രകാരമാണ് ഈ ചെമ്പുകൾ കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്ന് ക്ലിഫ്ഹൗസിലെത്തിയതെന്നും സ്വപ്ന ആരോപിച്ചു.