ജോളി ഭര്‍ത്താവിന്‍റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ടെന്ന് സാക്ഷിമൊഴി
അയൽവാസിയായ കെ.അശോകനാണു കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ഭർത്താവ് റോയ് തോമസിന്‍റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ടെന്ന് സാക്ഷിമൊഴി. അയൽവാസിയായ കെ.അശോകനാണു കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.
2011ലാണ് റോയ് തോമസ് മരിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത തോന്നി ശുചിമുറിയിൽ പോയ റോയ് തോമസ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആശാരിപ്പണി ചെയ്യുന്ന അയൽവാസി അശോകനാണു ശുചിമുറിയുടെ വാതിൽ പൊളിച്ച് റോയിയെ പുറത്തെടുത്തത്. അക്കാര്യങ്ങൾ അശോകൻ കോടതിയിൽ മൊഴി നൽകി. അയൽവാസിയായ ബാവ വിളിച്ചതിനെ തുടർന്നാണ് റോയിയുടെ വീട്ടിലെത്തിയത്. വാതിൽ പൊളിച്ച് റോയിയെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഒപ്പം പോയിരുന്നു. ആശുപത്രിയിൽ വച്ചാണു മരണം സ്ഥിരീകരിക്കുന്നത്.
പോസ്റ്റ്‍മോര്‍ട്ടം ചെയ്യേണ്ടെന്നു അവിടെ വച്ച് ജോളി ബന്ധുവായ മഞ്ചാടിയിൽ മാത്യുവിനോട് പറഞ്ഞതായാണ് അശോകന്‍റെ മൊഴി. പിറ്റേ ദിവസം വീട്ടിൽ വച്ചും ഇതേ കാര്യം പറഞ്ഞെന്നും അശോകൻ മൊഴി നൽകി. റോയ് മരിച്ചു മൂന്നു വർഷത്തിനു ശേഷം മഞ്ചാടിയിൽ മാത്യുവും കൊല്ലപ്പെട്ടു. ഈ കേസിലും ജോളിയാണ് ഒന്നാം പ്രതി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എൻ.കെ.ഉണ്ണിക്കൃഷ്ണൻ, അഡ്വ.ഇ.സുഭാഷ് എന്നിവർ ഹാജരായി.