തലശ്ശേരി ഇരട്ടക്കൊല: ഏഴുപേർ അറസ്റ്റിൽ; അഞ്ചുപേർക്ക് കൃത്യത്തിൽ നേരിട്ട് പങ്ക്- കമ്മീഷണർ
അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ പാറായി ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു
കണ്ണൂര്‍: തലശേരി ഇരട്ട കൊലപാതകക്കേസില്‍ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായും രണ്ടു പേര്‍ സഹായം ചെയ്തതായും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഷെമീറിനെയും കുത്തി കൊലപ്പെടുത്തിയത് മുഖ്യപ്രതി നിട്ടൂര്‍ സ്വദേശി പാറായി ബാബുവാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ലഹരി വിൽപന ചോദ്യം ചെയ്തതാണോയെന്ന് പരിശോധിക്കുകയാണെന്നും കമ്മീഷണർ അജിത് ബാബു പറഞ്ഞു. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ പാറായി ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.
തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ടാണ് ബന്ധുകളായ ഷെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു മരിച്ചത്. അക്രമം തടയാൻ ശ്രമിച്ച ഷാനിബ് എന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. നിട്ടൂർ സ്വദേശി പാറായി ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ഷാനിബ് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബുവിന്‍റെ ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ തലശ്ശേരി പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൊല്ലപ്പെട്ട ഷെമീറിന്‍റെ മകൻ ഷാനിബ് പ്രദേശത്തെ ലഹരി വില്പന ചോദ്യംചെയ്തിരുന്നു. പിന്നാലെ ഒരു സംഘം ഇയാളെ മർദിച്ചു. മർദനമേറ്റ ഷാനിബിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ എത്തിയ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഷെമീറിനെയും ഖാലിദിനെയും ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്.