'സർക്കാർ നടത്തിയ ഉപഗ്രഹ സർവേ പിൻവലിച്ച് പുതിയ സർവേ നടത്തണം'; ബഫർസോൺ വിഷയത്തിൽ താമരശ്ശേരി അതിരൂപത സമരത്തിന്
'സർവേ റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ ഗൂഢാലോചനയുണ്ട്'
കോഴിക്കോട്: ബഫർസോണ്‍ സർവേക്കെതിരെ താമരശ്ശേരി അതിരൂപത സമരത്തിന്. നാളെ ജനജാഗ്രതാ യാത്ര നടത്തുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു. സർക്കാർ നടത്തിയ ഉപഗ്രഹ സർവേ പിൻവലിച്ച് പുതിയ സർവേ നടത്തണം. കർഷകർക്ക് അനുകൂലമായി മാപ്പ് തയ്യാറാക്കണം. സർവേ റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
പഞ്ചായത്തുകളുടെ സഹായത്തോടെ സർവേ നടത്തണം. ആർക്കും മനസ്സിലാകാത്ത ഉപഗ്രഹമാപ്പാണ് പ്രസിദ്ധീകരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തിൽ ബഫർ സോൺ സർവേ നടത്തണം. കർഷകരുടെ വിഷമം മനസ്സിലാകാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പ് നൽകാനാവില്ല. നിലവിലുള്ള വനമേഖലയുടെ അതിർത്തി പുനർ നിർണയിക്കണമെന്നും ഇഞ്ചനാനിയേൽ കൂട്ടിച്ചേർത്തു.
അതേസമയം ബഫർസോൺ വിഷയത്തിൽ വയനാട് സുൽത്താൻ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നേരിട്ടുള്ള സർവേ വഴി വിവര ശേഖരണം നടത്തണമെന്നാണ് ആവശ്യം. അടിയന്തര നഗരസഭ കൗൺസിൽ വിളിച്ച് ചേർത്താണ് സിപിഎം ഭരണസമിതി പ്രമേയം പാസാക്കിയത്. വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.