പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: നാലുപേർകൂടി കസ്റ്റഡിയിൽ
സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇന്നു പുറത്തുവന്ന വിഡിയോയിൽ ഷാഫി ആരോപിച്ചിരുന്നു
കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ കൂടി കസ്റ്റഡിയിൽ. ഒരാളെ വയനാട് മാനന്താവാടിയിൽനിന്നും മൂന്നുപേരെ കാസർകോട് മഞ്ചേശ്വരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവാസി ഷാഫി ഇന്നു പുറത്തുവന്ന പുതിയ വിഡിയോയിൽ ആരോപിച്ചിട്ടുണ്ട്. വിഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
മാനന്തവാടിയിൽനിന്ന് കസ്റ്റഡിയിലെടുത്തയാളെ താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിൽ ചോദ്യംചെയ്യുകയാണ്. കാസർകോട്ടുനിന്ന് കസ്റ്റഡിയിലെടുത്തവരെ രാത്രിയോടെ താമരശ്ശേരിയിലെത്തിക്കും.
ഇസ്‍ലാം മതവിശ്വാസപ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനുവേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് പുറത്തുവന്ന വിഡിയോയിൽ ഷാഫി ആരോപിക്കുന്നത്. നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ, അന്വേഷണം വഴിതിരിച്ചുവിടാനായി തട്ടിക്കൊണ്ടുപോയ സംഘം തന്നെയാണ് ഷാഫിയെക്കൊണ്ട് വിഡിയോ ചെയ്യിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Summary: Four more people are in custody in the case of the abduction of a expat from Parappanpoyil, Thamarassery