'പോയവർക്ക് പോയി, ഇനി വല്ല മാറ്റവും വരുമോ?'- താനൂർ ബോട്ടപകടത്തിൽ വിമർശനവുമായി മംമ്ത മോഹൻദാസ്
''യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ, ഒളിവിൽ കഴിയുന്ന ബോട്ട് ഉടമ ഇപ്പോൾ നമുക്കുണ്ട്. ഇത് തികച്ചും അപഹാസ്യം''
താനൂർ: നാടിനെ നടുക്കിയ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് താനൂർ. ഉറ്റവരെ നഷ്ടപ്പെട്ട വേദനയും നിലവിളിയുമാണ് നാടാകെ. ഇന്നലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്ന് ഉച്ചവരെ തുടർന്നു. കടുത്ത നിയമലംഘനങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചത്. അപകടമുണ്ടായ അറ്റ്‌ലാൻഡിക്ക ബോട്ടിന് രജിസ്‌ട്രേഷനില്ലെന്നും പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണമായതെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.
തികഞ്ഞ അശ്രദ്ധയും സുരക്ഷയെക്കുറിച്ചും മാർഗനിർദേശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയും കൂടി ചേർന്നപ്പോൾ നമുക്കൊരു താനൂർ ദുരന്തമുണ്ടായെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ഒളിവിൽ കഴിയുന്ന ഒരു ബോട്ടുടമ ഇപ്പോൾ നമുക്കുണ്ട്. ഇത് തികച്ചും അപഹാസ്യമാണ്. പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമവും വരുമോ?' എന്നും മംമത ചോദിച്ചു.
''തികഞ്ഞ അശ്രദ്ധയും, സുരക്ഷയെ കുറിച്ചും മാർഗ നിർദേശങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മയും സ്വന്തം സുരക്ഷയെ കുറിച്ചും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ചുമുള്ള ഉത്തരവാദിത്ത ബോധമില്ലായ്മയും ഒക്കെക്കൂടി ചേർന്നപ്പോൾ നമുക്കൊരു താനൂർ ബോട്ട് ദുരന്തമുണ്ടായി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കുടുംബത്തിലെ എല്ലാവരുടെയും ജീവൻ നഷ്ടമായി എന്ന് കേട്ടപ്പോൾ സങ്കടം തോന്നി.
ഒരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ, ഒളിവിൽ കഴിയുന്ന ഒരു ബോട്ടുടമ ഇപ്പോൾ നമുക്കുണ്ട്. ഇത് തികച്ചും അപഹാസ്യമാണ്.
ഇന്നലെ രാത്രി മുതൽ അക്ഷീണം പ്രയത്‌നിച്ച എല്ലാവരെയും ബഹുമാനിക്കുന്നു. അവർക്കിനിയും കൂടുതൽ കരുത്ത് ലഭിക്കട്ടെ... നമ്മുടെ നാട്ടിൽ ഇത്തരത്തിൽ എത്ര സംഭവമുണ്ടായി.. പോയവർക്ക് പോയി, ഇനി വല്ല മാറ്റവും റൂൾസും വരുമോ''- മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു