അത് നിധി തന്നെ; ചെങ്ങളായിൽ കൂടുതൽ പഠനവും ഖനനവും നടത്തുമെന്ന് പുരാവസ്തു വകുപ്പ്

350 വർഷത്തിലധികം പഴക്കമുള്ള ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയത്

Update: 2024-07-18 02:07 GMT
Advertising

കണ്ണൂർ: ചെങ്ങളായിൽ കണ്ടെത്തിയത് നിധി തന്നെയെന്ന് പുരവസ്തു വകുപ്പ്. 350 വർഷത്തിലധികം പഴക്കമുള്ള ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരണം. നിധി ശേഖരം ഏറ്റെടുക്കുമെന്നും ആവശ്യമെങ്കിൽ പ്രദേശത്ത് കൂടുതൽ പഠനവും ഖനനവും നടത്തുമെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു.

ശ്രീകണ്ഠപുരം പരിപ്പായിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് അപൂർവ നിധി ലഭിച്ചത്. 1659 കാലഘട്ടം മുതലുള്ള വെനീഷ്യൻ ഡകാറ്റ് ഇനത്തിൽപ്പെട്ട സ്വർണ നാണയങ്ങൾ മുതൽ ആലിരാജയുടെ കണ്ണൂർ പണം വരെയുണ്ട് നിധി ശേഖരത്തിൽ. ഫ്രാൻസിസ്കോ കോഡാന്റെ നാണയങ്ങൾ, വീരരായൻ പണം അഥവാ സാമൂതിരി വെള്ളിനാണയം, ഇൻഡോ- ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി കോയിനുകൾ തുടങ്ങിയവയാണ് നിധിശേഖരത്തിലുള്ള മറ്റു വസ്തുക്കൾ.

ആർക്കിയോളജി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ. ദിനേശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിധി പരിശോധിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന നിധി ശേഖരം വിദഗ്ധ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും. ആവശ്യമെങ്കിൽ നിധി കണ്ടെത്തിയ പ്രദേശത്ത് കൂടുതൽ ഖനനം നടത്താനും ആലോചനയുണ്ട്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News