മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു
ശാന്തിതീരം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു. വിഷ്ണുവിന്റെ വീട്ടിലും ജന്മനാടായ തിരുവനന്തപുരം നന്ദിയോടും എസ്കെവി സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ശാന്തിതീരം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാൻമാരായിരുന്ന വിഷ്ണുവും ശൈലേന്ദ്രയും മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിലാണ് മരിച്ചത്. സിൽഗർ സേനാ ക്യാമ്പിൽ നിന്നും ടേക്കൽഗുഡാമിലെ ക്യാമ്പിലേക്ക് ട്രക്കിൽ സാധനവുമായി പോകവെയായിരുന്നു ആക്രമണം.
10 വർഷത്തെ സൈനിക സേവന കാലത്തുടനീളം വിഷ്ണുവിന്റെ മനസ്സിൽ ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു വീട് വയ്ക്കണം. കഴിഞ്ഞ മാസം ആറാം തീയതി ആ സ്വപ്നം സാക്ഷാത്കരിച്ചു.വിഷ്ണു സ്വന്തമായൊരു വീട് വച്ചു. വീടിന്‍റെ പാലുകാച്ചൽ ചടങ്ങും നടത്തി. ജീവിതത്തിൽ താൻ കണ്ട ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയോടെ സൈന്യത്തിലേക്ക് മടങ്ങി പോയിട്ട് ഇന്ന് ഒരു മാസം പിന്നിടാനിരിക്കവെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തികൊണ്ട് വിഷ്ണുവിന്റെ മരണവാർത്ത എത്തുന്നത്.