സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ കോർത്തിണക്കി പുസ്തകം പുറത്തിറങ്ങുന്നു
1967 മുതൽ സി.എച്ചുമായി അടുത്ത ബന്ധമുള്ള അഡ്വക്കേറ്റ് ബീരാൻ സി.എച്ചിന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഓർമകൾ കൂട്ടിച്ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്
കോഴിക്കോട്: മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ കോർത്തിണക്കി പുസ്തകം പുറത്തിറങ്ങുന്നു. മുൻ അഡ്വക്കേറ്റ് ജനറൽ വി.കെ ബീരാനാണ് 'സിഎച്ച് മുഹമ്മദ് കോയ അറിയാക്കഥകൾ' എന്ന പുസ്തകം എഴുതിയത് . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.
1967 മുതൽ സി.എച്ചുമായി അടുത്ത ബന്ധമുള്ള അഡ്വക്കേറ്റ് ബീരാൻ സി.എച്ചിന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഓർമകൾ കൂട്ടിച്ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സി.എച്ച് മുഖ്യമന്ത്രി ആകാൻ ഇടയായ സാഹചര്യം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. 1977ൽ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ രാജി വച്ചതോടെ സി.എച്ച് മുഹമ്മദ് കോയയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വന്നു. എന്നാൽ അന്ന് കൂടുതൽ സീറ്റ് കേരളാ കോണ്‍ഗ്രസിന് ആയതിനാൽ മുഖ്യമന്ത്രി ആവുക അത്ര എളുപ്പമായിരുന്നില്ല. എതിര്‍പ്പുകള്‍ മാറി സി.എച്ച് മുഖ്യമന്ത്രിയായ വഴി പുസ്തകത്തിലുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ കരാർ നീട്ടി നൽകാൻ 1960ൽ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയും 1969 ൽ മുഖ്യമന്ത്രി ഇഎംഎസ്സും വിസമ്മതിച്ചിരുന്നതായും പുസ്തകത്തിലുണ്ട് . 'സിഎച്ച്,മുഹമ്മദ് കോയ- അറിയാത്ത കഥകൾ' എന്ന് പേരിട്ട പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന് കൊച്ചിയില്‍ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം ചെയ്യുന്നത്.