പി.എസ്.സി പരീക്ഷക്കിടെ ഇറങ്ങിയോടിയത് ഉദ്യോഗാർഥിയുടെ സഹോദരൻ
ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് അഖിൽജിത്ത് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്ന് പൊലീസ്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്താണ് എന്നാണ് കണ്ടെത്തൽ. അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്താണെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ ഇരുവരും ഒളിവിലാണ്.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥൻ എത്തിയത്.
പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വിരൽ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാൾ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അമൽജിത്താണ് പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരുവരും ഒളിവിലാണ്.