'കേരളത്തിലെ ബി.ജെ.പിക്കെതിരായ ഫാസിസ്റ്റ് വേട്ട കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്': കെ സുരേന്ദ്രന്‍
കേരളത്തിലെ ബി.ജെ.പിക്കെതിരായ ഫാസിസ്റ്റ് വേട്ടയെ കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ കേരളത്തില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഡല്‍ഹിയിലേക്ക് പോയതെന്ന മാധ്യമ വാര്‍ത്തകളോടും സുരേന്ദ്രന്‍ പ്രതികരിച്ചു. ഒരു ദിവസത്തെ അറസ്റ്റ് ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ ചെന്നുവെന്നത് വാര്‍ത്തയാക്കുന്ന ചാനലുകളുടെയും പത്രങ്ങളുടെയും ഗതികേട് ആലോചിച്ചിട്ട് സങ്കടം തോന്നുന്നതായും രണ്ട് മൂന്ന് ദിവസത്തെ ആയുസ്സിന് അപ്പുറം കള്ളവാര്‍ത്തകള്‍ക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സി.പി.എ പ്രവര്‍ത്തകരുടെ ഇഷ്ടത്തിന് അനുസരിച്ച് വാര്‍ത്ത കൊടുത്താല്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ബിജെപി നേതൃത്വം നിയോഗിച്ചതായ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്നും കള്ളവാര്‍ത്തകള്‍ കൊടുക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കറിയാം ബി.ജെ.പിയുടെ വോട്ട് ബാങ്ക് എവിടെയാണ് നില്‍ക്കുന്നതെന്ന്. ബി.ജെ.പിയുടെ അടിത്തറക്ക് ഒരു വിള്ളലുമുണ്ടായിട്ടില്ല. സീറ്റ് ഒന്ന് പോയി, അതിനെ സംബന്ധിച്ച ആവശ്യമായ നടപടികള്‍ തങ്ങള്‍ എടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു
കള്ളപ്പണ കേസില്‍ ബി.ജെ.പി പ്രതിരോധത്തിലായില്ലെന്നും എല്ലാം മാധ്യമസിന്‍ഡിക്കേറ്റ് അനുസരിച്ചുള്ള വാര്‍ത്തകളാണെന്നും മാധ്യമങ്ങളുടെ ഒരു വിചാരണക്ക് മുന്നിലും മുട്ടുമടക്കാന്‍ ഒരുക്കമല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് എന്ത് വേണമെങ്കിലും എഴുതാമെന്നും പക്ഷേ ഇല്ലാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ നിയമപരമായ തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ മുന്നൂറിലധികം കേസുകളുണ്ടെന്നും ഉയര്‍ന്നു വന്ന കേസുകളെല്ലാം മാധ്യമ സൃഷ്ടി മാത്രമല്ല സി.പി.എമ്മിന്‍റെ സൃഷ്ടി കൂടിയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ദേശാഭിമാനിയും കൈരളിയും വാര്‍ത്ത കൊടുക്കുന്നതില്‍ പ്രശ്നമില്ല ബാക്കിയുള്ളവര്‍ കൂടി സിന്‍ഡിക്കേറ്റാകുന്നതിലാണ് തനിക്ക് പരാതിയുള്ളതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.