ഞാന്‍ പുതുമുഖമൊന്നുമല്ല, എനിക്കറിയാം എങ്ങനെ സഹകരിപ്പിക്കണമെന്ന്: കെ സുധാകരന്‍

ഗ്രൂപ്പ് മാനേജര്‍മാര്‍ വിചാരിച്ചാല്‍ മാത്രം ചലിക്കുന്ന സംഘടനാ സംവിധാനത്തെ വരുതിയിലാക്കാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും സുധാകരന്

Update: 2021-06-09 02:51 GMT
Advertising

ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ മറികടന്ന് കെപിസിസി അധ്യക്ഷ പദവിയില്‍ നിയോഗിക്കപ്പെട്ട കെ സുധാകരനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഗ്രൂപ്പുകള്‍ തന്നെയാവും. ഗ്രൂപ്പ് മാനേജര്‍മാര്‍ വിചാരിച്ചാല്‍ മാത്രം ചലിക്കുന്ന സംഘടനാ സംവിധാനത്തെ വരുതിയിലാക്കാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.

ഗ്രൂപ്പിനപ്പുറം കെപിസിസി അധ്യക്ഷ പദവിയിലെത്തിയവരായിരുന്നു മുന്‍ അധ്യക്ഷന്‍മാരായിരുന്ന വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. ഗ്രൂപ്പുകളുടെ ട്രപ്പീസ് കളിക്കിടെ വേണ്ടത്ര മെയ് വഴക്കം കാട്ടാനാവാതെ പോയതായിരുന്നു ഇരുവരുടേയും പതനത്തിനും കാരണം. കെപിസിസി തീരുമാനിച്ചാലും താഴെ തട്ട് അനങ്ങണമെങ്കില്‍ ഗ്രൂപ്പ് മാനേജർമാര്‍ സിഗ്നല്‍ നല്‍കേണ്ട അവസ്ഥ. ഗ്രൂപ്പുകളുടെ പിടിവാശിക്ക് മുന്നില്‍ താല്‍പര്യമില്ലാതിരുന്നിട്ടും ജംബോ ഭാരവാഹികളുമായി പാര്‍ട്ടിയെ നയിക്കേണ്ടി വന്നു.

എന്നാല്‍ ഇവരെ പോലെയല്ല കെ സുധാകരന്‍. അണികളുടെ പിന്തുണയുണ്ട്. സ്വന്തമായി സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനുള്ള ശേഷി. ഒപ്പം നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് തലയുര്‍ത്താന്‍ കഴിയാത്ത വിധമുള്ള തിരിച്ചടിയും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പണ്ടേ പോലെ ഹൈക്കമാന്‍റ് പരിഗണിക്കാത്തതും- എല്ലാം കൂടി ചേരുമ്പോള്‍ സുധാകരന് വി എം സുധീരനും മുല്ലപ്പള്ളിയും നേരിട്ടത്ര പ്രതിസന്ധി അനുഭവിക്കേണ്ടി വരില്ലെന്ന് കരുതുന്നവരും ഏറെ. ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നതിനാല്‍ ഗ്രൂപ്പ് നീക്കങ്ങളും മറു നീക്കങ്ങളും സുധാകരന് സുവ്യക്തം. ഗ്രൂപ്പുകളെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാനാണ് സുധാകരന്‍റെയും നീക്കം.

"നല്ല രാഷ്ട്രീയ പരിചയമുള്ള ഒരാളാണ് ഞാന്‍. പുതുമുഖമൊന്നുമല്ല. 50 കൊല്ലമായി പണിതുടങ്ങിയിട്ട്. എനിക്കറിയാം അവരെയൊക്കെ എങ്ങനെ സഹകരിപ്പിക്കണമെന്ന്.. ഞാന്‍ സഹകരിപ്പിക്കും"- എന്നാണ് സുധാകരന്‍റെ പ്രതികരണം.

കുത്തഴിഞ്ഞ് കിടക്കുന്ന സംഘടനാ സംവിധാനത്തെ നേരയാക്കുകയെന്നതാവും സുധാകരന്‍ ടീം നേരിടാനിരിക്കുന്ന ആദ്യ വെല്ലുവിളി. താഴേതട്ട് മുതലുള്ള പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാക്കുകയെന്നതും പ്രധാനപ്പെട്ട ഘടകമാണ്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News