'കൊല്ലപ്പെട്ട മൂന്ന് പേരുടെയും വീട് മുഖ്യമന്ത്രി സന്ദർശിക്കണമായിരുന്നു'; ദക്ഷിണ കന്നഡയിലെ സർവകക്ഷി യോഗത്തിൽ പ്രതിഷേധം

8 ദിവസത്തിനിടെ ഉണ്ടായ 3 കൊലപാതകങ്ങളിൽ മരിച്ച പ്രവീണിന്റെ വീട് മാത്രം സന്ദർശിച്ച് മുഖ്യമന്ത്രി 25 ലക്ഷം സഹായം നൽകിയതിനെതിരെ കോൺഗ്രസ്സും ജെ.ഡി എസും രംഗത്ത് വന്നിട്ടുണ്ട്

Update: 2022-07-31 01:15 GMT
Advertising

ദക്ഷിണ കന്നഡ ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം സർവകക്ഷി യോഗം ചേർന്നു. പ്രദേശത്ത് കൊല്ലപ്പെട്ട മൂന്ന് പേരുടെയും വീട് മുഖ്യമന്ത്രി സന്ദർശിക്കണമായിരുന്നുവെന്ന് സമാധാന സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. സർക്കാരിന്റെ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ച് യോഗം മുസ്‌ലിം സംഘടനകൾ ബഹിഷ്‌കരിച്ചു.

മംഗളൂരു ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലായിരുന്നു സർവകക്ഷി യോഗം നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു സർവകക്ഷിയോഗം വിളിച്ചു ചേർത്തത്. മുഖ്യമന്ത്രി ജില്ലയിലെത്തി കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്റെ വീട് മാത്രം സന്ദർശിച്ചതും അവർക്ക് മാത്രമായി സർക്കാർ സഹായം കൈമാറിയതും പക്ഷപാതപരമാണെന്ന് വ്യക്തമാക്കിയാണ് മുസ്‌ലിം സംഘടനകൾ യോഗം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ നിലപാട് നീതീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.

യുവമോർച്ച നേതാവിന്റെ കൊലപാതകം എൻ.ഐഎക്ക് കൈമാറിയിട്ടുണ്ട്. മറ്റ് രണ്ട് കൊലപാതകങ്ങൾ കർണാടക പൊലീസാണ് അന്വേഷിക്കുന്നത്. ഇതിൽ ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അവകാശപ്പെട്ടു. മയക്കുമരുന്ന് കഴിച്ച് ഏതാനും യുവാക്കളാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർവകക്ഷി യോഗത്തിൽ എഡിജിപി അലോക് കുമാർ പറഞ്ഞു.

ബെല്ലാരയിലുള്ള മുത്തച്ഛന്റെ വീട്ടിലെത്തിയ കാസർകോട് മൊഗ്രാൽ സ്വദേശി മസൂദിനെ ഒരു സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതോടെയാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. ഇതിനെ തുടർന്ന് സുള്ള്യ ബെലാരെയ്ക്കടുത്ത് പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നു. അടുത്ത ദിവസം സൂറത്ത്കല്ലിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന സംഘം കുത്തിക്കൊലപ്പെടുത്തി. 8 ദിവസത്തിനിടെ ഉണ്ടായ ഈ 3 കൊലപാതകങ്ങളിൽ മരിച്ച പ്രവീണിന്റെ വീട് മാത്രം സന്ദർശിച്ച് മുഖ്യമന്ത്രി 25 ലക്ഷം സഹായം നൽകിയതിനെതിരെ കോൺഗ്രസ്സും ജെ.ഡി എസും രംഗത്ത് വന്നിട്ടുണ്ട്.


Full View

Protests at All Party Meeting in Dakshina Kannada

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News