തണുപ്പ് മാറി; വേനലിൽ വെന്തുരുകി വയനാട്
അന്തരീക്ഷത്തിലെ ജല ബാഷ്പീകരണ തോതും മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കൂടുതലാണ്
വയനാട്: വേനലിൽ വെന്തുരുകി വയനാട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന ജില്ലകളിലൊന്നായ വയനാട്ടിലും പകൽ സമയങ്ങളിലിപ്പോൾ കടുത്ത ചൂടാണനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ജല ബാഷ്പീകരണ തോതും മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കൂടുതലാണ്.
കാരാപ്പുഴ ഡാമിന് തൊട്ടടുത്ത് താമസിക്കുന്നവരായിട്ടും കോളനിയിലും സമീപ പ്രദേശങ്ങളിലുമുള്ള കിണറുകളെല്ലാം വറ്റിവരണ്ടതോടെ കുടിക്കാനും കുളിക്കാനും വരെ ഡാമിന് സമീപത്ത് കുഴിച്ച ഈ കുഴിയിൽ നിന്നുള്ള വെള്ളമാണിവർ ഉപയോഗിക്കുന്നത്. ഇതൊരു നെല്ലാറച്ചാൽ കോളനിയിലെ മാത്രം കാര്യമല്ല. വേനൽ കടുത്തതോടെ ജില്ലയിലെ പലയിടങ്ങളിലെയും പതിവുകാഴ്ചയാണ് ഇത്.
കോടമഞ്ഞിനും കുളിരിനും പേരുകേട്ട വയനാട്ടിൽ ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം താപനിലയിൽ മുൻവർഷത്തെകാൾ വലിയ വർദ്ധനവുണ്ടായി. ഫെബ്രുവരിയിൽ തന്നെ താപനില 31.8 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ ബാഷ്പീകരണത്തോതും ഉയർന്ന് നിൽക്കുകയാണ്. ഈ മാസം ഇതുവരെ മാത്രം ഒമ്പതോളം സ്ഥലങ്ങളിൽ കാട്ടു തീ പടർന്നു. വേനൽ മഴ വൈകിയാൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് സൂചന