കോടതി ഉത്തരവ് പാലിച്ചില്ല; സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി
കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്
പത്തനംതിട്ട: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാര്‍ച്ച് 14ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഉത്തരവ് നടപ്പാക്കിയാല്‍ ഇതിന്‍റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കായിരുന്നു ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. എട്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇന്ന് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണന്‍റെ ബെഞ്ചില്‍ ഹാജരാക്കിയത്.
മുന്‍ ഉത്തരവ് നടപ്പാക്കാമെന്ന് സെക്രട്ടറി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹരജി തീര്‍പ്പാക്കി. കോടതിയില്‍ നിന്നും ഉത്തരവുണ്ടായാല്‍ അതിന് നിയമപരമായ മാര്‍ഗം തേടണം. അല്ലാതെ ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ബന്ധപ്പെട്ടവരെ ജയിലിലേക്കയക്കുകയാണ് അടുത്ത നടപടിയെന്നും കോടതി ഓര്‍മിപിച്ചു. ഇനി ഇത്തരത്തിലുള്ള വീഴ്ച സംഭവിക്കില്ലെന്ന് സെക്രട്ടറിയും കോടതിയെ അറിയിച്ചു.