കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ: ഡോക്ടർക്ക് വീഴ്ചയെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് എ.സി.പിക്കും കൈമാറി

Update: 2024-06-08 15:04 GMT
Advertising

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. മെഡിക്കൽ കോളജ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറി.

സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് എ.സി.പിക്കും കൈമാറി. പരിശോധിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു.

മെയ് 16നാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. നാല് വയസുകാരിയാണ് അവയവം മാറി ശസ്ത്രക്രിയക്ക് ഇരയായത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്.

എന്നാൽ, വിരലിന് പകരം കുട്ടിയുടെ നാവിന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാ​ഗത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് ​ഗുരുതര വീഴ്ചയുണ്ടായത്. ഓപറേഷൻ തിയറ്ററിൽ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറക്കിയപ്പോൾ വിരലിൽ കെട്ടൊന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായിൽ നടത്തിയല്ലോ എന്നായിരുന്നു മറുപടി. വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

സംഭവത്തിൽ അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News