കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു
രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച ടാക്സി ഡ്രൈവറെ ആണ് ഇനി തിരിച്ചറിയാനുള്ളത്
സംസ്ഥാനത്ത് കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു. രണ്ട് ഓട്ടോകളിലായാണ് ഇയാൾ ആശുപത്രിയിലേക്ക് പോയതും തിരികെ എത്തിയതും.രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച ടാക്സി ഡ്രൈവറെ ആണ് ഇനി തിരിച്ചറിയാനുള്ളത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കളുൾപ്പെടെ അഞ്ച് പേരും വിമാനത്തിൽ ഒപ്പം യാത്രചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്.
പുതിയ മാര്‍ഗരേഖ
കുരങ്ങ് വസൂരി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാർക്കായാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്. രോഗം ബാധിച്ചവരുമായി യാത്രക്കാർ സമ്പർക്കം ഒഴിവാക്കണം. മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. വന്യമൃഗങ്ങളുടെ മാംസം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. രോഗബാധയുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്നവര്‍ വൈദ്യസഹായം തേടണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.