കള്ളൻമാരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ; കുവൈത്തിലിരുന്ന് കവർച്ച തടഞ്ഞ് വീട്ടുകാർ
നടൻ നിവിൻ പോളിയുടെ വീടിന് സമീപമായിരുന്നു കവർച്ചാശ്രമം
കൊച്ചി: കുവൈത്തിലിരുന്ന് സി.സി.ടി.വി നിരീക്ഷിച്ച് ആലുവയിലെ വൻ കവർച്ച തടഞ്ഞു. ആലുവ തോട്ടക്കാട്ടുകരയിൽ ഡോ. ഫിലിപ്പിൻ്റെ വീട്ടിലെ കവർച്ചയാണ് തടഞ്ഞത്.
ആലുവ ശിവരാത്രി മണപ്പുറം ആൽത്തറ റോഡിൽ നടൻ നിവിൻ പോളിയുടെ വീടിന് തൊട്ടടുത്തുള്ള ഡോ. ഫിലിപ്പിൻ്റെ വസതിയിലാണ് കവർച്ചാശ്രമം നടന്നത്. വീട്ടിലുള്ളവർ കുവൈത്തിലാണ് താമസം.
ശനിയാഴ്ച രാത്രി 7 മണിയോടെയാണ് മൂന്നംഗ സംഘം കവർച്ചക്കെത്തിയത്. രണ്ടുപേർ വീടിന് പുറത്ത് പുഴ ഭാഗത്ത് കാവൽ നിന്നു. ഒരാളാണ് വീടിനകത്തേക്ക് കടന്നത്.
മുകൾ ഭാഗത്തെ വാതിൽ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും വാതിലിനോടു ചേർന്ന ഇരുമ്പ് ദണ്ഡുണ്ടായതിനാൽ കഴിഞ്ഞില്ല.
ഇതിനിടയിലാണ് കുവൈത്തിലിരുന്നവർ സി.സി.ടി.വിയിലൂടെ ഈ രംഗം കാണുന്നത്.
തുടർന്ന് തോട്ടയ്ക്കാട്ടുകരയിലുള്ള ഒരാളോട് വിവരം വിളിച്ചു പറഞ്ഞു. ഇയാൾ ഓടി വരുന്നതു കണ്ട് കവർച്ചാശ്രമം ഉപേക്ഷിച്ച് സംഘം ഓടിമറിയുകയായിരുന്നു.
ആറ് വർഷം മുമ്പും ഇതേ വീട്ടിൽ ഇത്തരത്തിൽ കവർച്ച നടന്നതാണ്. ആലുവ മണപ്പുറത്ത് സാമൂഹിക ദ്രോഹികൾ സ്ഥിരമുണ്ടായിട്ടും പൊലീസ് യാതൊരുവിധ നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.