നിലപാടിലുറച്ച് ഗവർണർ; ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ
11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്.
നിലവിലുള്ള ഓർഡിനൻസുകൾ നിയമമാക്കാൻ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനം. പത്ത് ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ മാസം 22 മുതൽ സെപ്തംബർ രണ്ട് വരെയാണ് സഭ ചേരുക.
ഓർഡിനൻസുകൾ അസാധുവാകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് സർക്കാരിന്റെ ഈ നീക്കം. നിയമ നിർമാണം നടത്താൻ വേണ്ടി മാത്രം ഒക്ടോബറിൽ സഭ വിളിച്ചുച്ചേർക്കാമെന്ന് ഉറപ്പു നൽകിയിട്ടും ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാൻ തയാറാക്കാത്തത് കൊണ്ടാണ് സർക്കാർ ഇത്തരത്തിലൊരു നീക്കത്തിന് തയാറായത്. 11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സഭാ സമ്മേളനം ചേർന്നിരുന്നു.
ആവശ്യമായ സമയം ലഭിക്കാതെ ഓർഡിനൻസുകളിൽ ഒപ്പുവെക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം ബോധ്യപ്പെടേണ്ടതുണ്ട്. ആര് വിമർശിച്ചാലും ഭരണഘടനാ ഉത്തരവാദിത്തങ്ങൾ നിർഭയമായി നിർവഹിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.