നോക്കൂകൂലിയിൽ നടപടി ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ; വിവരങ്ങൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ
അനാവശ്യ പ്രശ്നമുണ്ടാക്കുന്ന തൊഴിലാളികളുടെ ജോബ് കാർഡും റദ്ദാക്കുമെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി
നോക്കൂകൂലിയിൽ നടപടി ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. വിവരങ്ങൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തി. ഈ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രശ്നത്തിൽ ലേബർ ഓഫീസർമാർ ഇടപെട്ട് ഉടൻ നടപടി സ്വീകരിക്കും. അനാവശ്യ പ്രശ്നമുണ്ടാക്കുന്ന തൊഴിലാളികളുടെ ജോബ് കാർഡും റദ്ദാക്കുമെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.
നോക്കൂകൂലി വിഷയത്തില്‍ കഴിഞ്ഞ ദിവസം സർക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള തൊഴിലാളി യൂനിയനാണ് കേരളത്തിലുള്ളതെന്ന പ്രതിഛായക്ക് മാറ്റമുണ്ടാകണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു. ടൂറിസത്തിനായാലും നിക്ഷേപത്തിനായാലും അനുയോജ്യമായ സാഹചര്യമുണ്ടാകാൻ നോക്കുകൂലി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയേ പറ്റൂ. നവംബർ ഒന്നിന് കേരളപ്പിറവി ദിനം പുതിയ പ്രതിഛായയോടെയാവണം പുലരേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഹെഡ് ലോഡ് വർേക്കഴ്സ് ആക്ട് കൃത്യമായി നടപ്പാക്കണം. അർഹമായ ആനുകൂല്യം ഉറപ്പാക്കാൻ തൊഴിലാളി യൂനിയനുകൾ അനിവാര്യമാണെങ്കിലും അക്രമ സ്വഭാവമുള്ള യൂനിയനെ ആവശ്യമില്ല. പ്രശ്ന പരിഹാരത്തിന് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകണമെന്ന ധാരണയും ശരിയല്ല. വിപ്ലവം സ്വന്തം ജനതക്കെതിരെയല്ല നടത്തേണ്ടത്. അക്രമത്തിലൂടെ ഒന്നിനും പരിഹാരമുണ്ടാവില്ല. നിക്ഷേപം നടത്തുന്ന വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന നടപടികൾ പാടില്ലെന്നും കോടതി പറഞ്ഞു.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാറിന്‍റേയും മറ്റും ശ്രമങ്ങൾക്കൊപ്പം നിൽക്കേണ്ടവരാണ് തൊഴിലാളി യൂണിയനുകൾ. കൂടുതൽ നിക്ഷേപം വന്നാൽ തൊഴിലവസരങ്ങളും കൂടുമെന്ന് മനസിലാക്കണം. തിരുവനന്തപുരത്ത് വി.എസ്.എസ്.സി.യിലേക്ക് വന്ന വാഹനം തടഞ്ഞ സംഭവം രാജ്യ വ്യാപകമായി കേരളത്തിന്‍റെ സൽപേരിനെ ബാധിച്ചു. പ്രശ്ന പരിഹാരമുണ്ടാകാത്ത പക്ഷം ജനങ്ങൾക്ക് കോടതിയിലെ വിശ്വാസവും നഷ്ടമാകും. ഇക്കാര്യത്തിൽ സംസ്ഥാന താൽപര്യമാണ് നോക്കേണ്ടത് വോട്ടല്ലെന്നും സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ നടപടി ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.