ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കിയ ഓര്‍ഡിനന്‍സിലെ തുടര്‍നടപടിയെടുക്കാന്‍ ഗവര്‍ണര്‍ നിയമവശങ്ങള്‍ പരിശോധിക്കുന്നു
ഈ മാസം 20ന് മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനത്തിലേക്ക് എത്തൂ
തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ നീക്കിയുള്ള ഓര്‍ഡിനന്‍സിലെ തുടര്‍നടപടിയെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമവശങ്ങള്‍ പരിശോധിക്കുന്നു. ഡല്‍ഹിയിലാണെങ്കിലും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം അന്തിമതീരുമാനമെടുക്കാനാണ് നീക്കം. ഈ മാസം 20ന് മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനത്തിലേക്ക് എത്തൂ.
14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രണ്ട് ദിവസം മുന്‍പാണ് രാജ്ഭവന് അയച്ചുകൊടുത്തത്. ഇക്കാര്യം പരിശോധിച്ച ശേഷം മാത്രം തുടര്‍നീക്കം എന്നാണ് ഗവര്‍ണറുടെ നിലപാട്. തനിക്കെതിരായ ഓർഡിനൻസ് അന്തിമ തീരുമാനം സ്വയം എടുക്കില്ല എന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ രാജ്ഭവന്‍റെ നീക്കങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഉറ്റുനോക്കുന്നു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഡിസംബര്‍ 5 മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുക എന്നതാണ് നിലവിലെ ധാരണ.
ഇതിനിടെ രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് അയക്കുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ അടുത്ത നീക്കം എന്തെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. കാരണം മന്ത്രിസഭ പാസാക്കിയ ഒരു ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചശേഷവും അത് പാസാക്കാന്‍ നിയമസഭാ സമ്മേളനം ചേര്‍ന്നാല്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നതാണ് സര്‍ക്കാരിന്‍റെ ആശങ്ക. പക്ഷെ നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകാനുള്ള സാധ്യത വളരെ കുറവാണ്. എല്‍.ഡി.എഫ് നടത്താനിരിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ശേഷം ഗര്‍ണര്‍ക്കെതിരെ കൂടുതല്‍ പരസ്യ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ഇടതുമുന്നണി ആലോചിക്കുന്നുണ്ട്.