സുപ്രധാനമായ ചില നിരീക്ഷണങ്ങൾ കൂടി പങ്കുവെക്കുന്നുണ്ട് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി
വിവരാവകാശ നിയമം പൗരന്മാർക്ക് സാധ്യമായ വിവരങ്ങൾ നൽകുക എന്നതാണെന്ന് നിരീക്ഷിച്ച കോടതി,സ്വകാര്യത സംരക്ഷിക്കുന്നത് വ്യക്തികളുടെ അന്തസിന് അതിപ്രധാനമാണെന്നും പറഞ്ഞുവെക്കുന്നു
കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന ഹൈക്കോടതി വിധി സുപ്രധാനമായ ചില നിരീക്ഷണങ്ങൾ കൂടിയാണ് പങ്കുവെക്കുന്നത്. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം പൗരന്മാർക്ക് സാധ്യമായ വിവരങ്ങൾ നൽകുക എന്നതാണെന്ന് നിരീക്ഷിച്ച കോടതി, സ്വകാര്യത സംരക്ഷിക്കുന്നത് വ്യക്തികളുടെ അന്തസിന് അതിപ്രധാനമാണെന്നും പറഞ്ഞുവെക്കുന്നു.
കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കാൻ പൊതുസമൂഹത്തിൽ സംവാദവും ചർച്ചകളും ഉണ്ടാകണമെന്നും, ഇത്തരം ചർച്ചകൾക്ക് ആക്കം കൂട്ടുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും കോടതി നിരീക്ഷിക്കുന്നു.
വിവരാവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യതക്കുള്ള അവകാശമെന്ന് ഹൈക്കോടതി വിധി പകർപ്പിൽ പരാമർശിക്കുന്നുണ്ട്. രണ്ടിനും തുല്യ പ്രാധാന്യമുണ്ട്. പൗരന്മാരെ ഭരണനിർവഹണ സംവിധാനങ്ങളുടെ ഭാഗമാക്കുന്നതിൽ വിവരാവകാശ നിയമത്തിന് വലിയ പങ്കുണ്ട്. എന്നാൽ സ്വകാര്യതയ്ക്കുള്ള അവകാശവും പരമപ്രധാനമാണ്. ഇതിനിടയിൽ ഏറെ സങ്കീർണതകളും വൈരുദ്ധ്യങ്ങളും ഉണ്ടെങ്കിലും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പകർപ്പ് ലഭ്യമാക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു.
സ്വകാര്യത വ്യക്തിഗത അന്തസിനും സുരക്ഷിതത്വത്തിനും പരമപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വ്യക്തികളുടെ സ്വകാര്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കമ്മീഷൻ ഉറപ്പു നൽകിയ സാഹചര്യത്തിൽ, ഹർജിക്കാരൻ ഉയർത്തിയ ആശങ്കകൾക്ക് അടിസ്ഥാനം ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഹൈക്കോടതി വിധിക്കു പിന്നാലെ വിവിധ കോണുകളിൽ നിന്ന് കൂടുതൽ പ്രതികരണങ്ങൾ ഇന്നുണ്ടായിരിക്കും. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ഹരജിക്കാരന്റെ നിലപാടിനെതിരെ കേസിൽ കക്ഷി ചേർന്ന ഡബ്ല്യൂ.സി.സിയുടെ പ്രസ്താവനയും വൈകാതെ പുറത്തുവന്നേക്കും. റിപ്പോർട്ട് പുറത്തുവരുന്നതും ശുപാർശകൾ സംബന്ധിച്ച ചർച്ചകൾ ഉയരുന്നതും ചലച്ചിത്ര മേഖലയിൽ ഉൾപ്പെടെയുള്ള വനിത കൂട്ടായ്മകൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.