നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തളളിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
അതേസമയം തുടർ വിചാരണാ നടപടികളുടെ ഭാഗമായി നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിന്‍റെ ഭാഗമായി സാക്ഷികളെ വിസ്തരിക്കാൻ നോട്ടീസ് പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി വർഗീസ് തന്നെ തുടർന്നും വിസ്താരം നടത്തുന്നതിനെതിരെ പ്രോസിക്യൂഷനും നടിയും നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ കോടതിയിൽ നടന്നിരുന്ന വിസ്താരം ജഡ്ജിയുടെ സ്ഥാനക്കയറ്റത്തിന്‍റെ പേരിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമെന്നാണ് ആക്ഷേപം.