ബിഷപ്പിനെതിരായ കത്ത് ചോർന്നത് സഭാ സംവിധാനങ്ങൾക്ക് ചേർന്ന രീതിയല്ല; സീറോ മലബാർ സഭ
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.
കൊച്ചി: കുർബാന വിവാദത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെതിരെ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് ബിഷപ്പുമാർ അയച്ച കത്ത് ചോർന്നതിനെതിരെ സീറോ മലബാർ സഭ. കത്ത് ചോർന്നത് സഭാ സംവിധാനങ്ങൾക്ക് ചേർന്ന രീതിയല്ലെന്ന് സീറോ മലബാർ സഭ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സിനഡിന്റെ അംഗീകാരം വാങ്ങിയാണ് ആൻഡ്രൂസ് താഴത്ത് ബസലിക്കയിൽ എത്തിയയതെന്നും സീറോമലബാർ സഭ പറയുന്നു. സഭയിലെ പ്രശ്‌നങ്ങൾ വത്തിക്കാന്റെ നിർദേശപ്രകാരം പരിഹരിക്കുമെന്നും സീറോ മലബാർ സഭ വ്യക്തമാക്കി.
ആൻഡ്രൂസ് താഴത്തിനെ വിമർശിച്ച് ഒമ്പത് ബിഷപ്പുമാർ അയച്ച കത്താണ് പുറത്തുവന്നത്. ഈ കത്ത് സ്ഥിരീകരിക്കുകയാണ് വാർത്താക്കുറിപ്പിലൂടെ സീറോ മലബാർ സഭ ചെയ്തിരിക്കുന്നത്.
സംഘർഷ സാഹചര്യത്തിൽ സെന്റ് മേരിസ് ബസലിക്കയിലേക്ക് പോകാൻ ആൻഡ്രൂസ് താഴത്ത് ശ്രമിക്കരുതായിരുന്നുവെന്നാണ് കത്തിലെ പ്രധാന വിമർശനം. പള്ളി അടച്ചിടുന്നതിന് കാരണമായത് ആർച്ച് ബിഷപ്പിന്റെ നടപടിയാണെന്നും സിറോ മലബാർ സഭാ സിനഡിലെ ഒമ്പത് ബിഷപ്പുമാർ കർദിനാൾ ആലഞ്ചേരിക്ക് അയച്ച കത്തിലുണ്ട്.
ഏകീകൃത കുർബാന അർപ്പിക്കാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എത്തിയതിനെ തുടർന്നുള്ള സംഘർഷത്തിലാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക അടച്ചിട്ടത്. പള്ളി അടച്ചിട്ട് അഞ്ചു ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കൂടി അംഗമായ സിനഡിലെ ബിഷപ്പുമാരുടെ വിമർശനം.
ഏകീകൃത കുർബാനയെ എതിർക്കുന്നവരുമായി സിനഡ് നിയോഗിച്ച മെത്രാൻ സമിതി ചർച്ച നടത്തി സമവായത്തിന്റെ പാത തുറന്നിട്ടിരിക്കുന്ന ഘട്ടത്തിൽ ആർച്ച് ബിഷപ്പിന്റെ നടപടി ചർച്ചകളെ തകർക്കാനേ ഉപകരിക്കുമെന്നും ബിഷപ്പുമാർ കുറ്റപ്പെടുത്തി.
പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന പൊലീസ് ശിപാർശയിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. പള്ളി അടച്ചിട്ടതിനെതിരെ ഏകീകൃത കുർബാനയെ എതിർക്കുന്ന വൈദികരുടെ വിഭാഗവും പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് ആർച്ച് ബിഷപ്പിന്റെ നടപടിയെ ചൊല്ലിയുള്ള സിനഡിലെ ഭിന്നത.