ഡി.സി.സി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയെന്ന് കെ. സുധാകരൻ
പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു
ഡി.സി.സി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു. അതേസമയം സാധ്യത പട്ടിക സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ സമീപിച്ചു.
ഡി.സി.സി അധ്യക്ഷമാരുടെ സാധ്യത പട്ടിക ഹൈക്കമാന്‍ഡിന് സമർപ്പിച്ചെങ്കിലും ഒറ്റ പേരിലേയ്ക്ക് എത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് ഉണ്ടാകരുതെന്ന് ഹൈക്കമാന്‍ഡ് നിർദേശത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതായാണ് സൂചന.
പട്ടിക സംബന്ധിച്ച് ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചിക്കണമെന്ന സുധാകരന്‍റെ ആവശ്യം കെ.സി വേണുഗോപാലും വിഡി സതീശനും തടഞ്ഞതായാണ് വിവരം. സാധ്യത പട്ടിക സംബന്ധിച്ച് ആർക്കും അതൃപ്തിയില്ലെന്ന് സുധാകരൻ പറയുമ്പോഴും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച് കഴിഞ്ഞു. വേണ്ടത്ര കൂടിയാലോചന ഇല്ലാത്തതും ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പാക്കാത്തതും ദോഷം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ . പ്രകടന മികവിന്‍റെ അടിസ്ഥാനത്തിൽ നേതൃത്വം നിർദേശിക്കുന്നവരെ മാത്രമേ അംഗീകരിക്കുള്ളുവെന്ന് രാഹുൽ ഗാന്ധി വി.ഡി സതീശൻ അടക്കമുള്ള കേരള നേതാക്കളെ അറിയിച്ചു.