താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കഴിഞ്ഞ 22ന് മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്.
താമരശ്ശേരി: താമരശ്ശേരി അവേലം പയ്യംപടി വീട്ടിൽ മുഹമ്മദ് അഷ്റഫിനെ തട്ടികൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) ആണ് കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസ്വാമിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ 22ന് മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽ.പി. സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് അഷ്‌റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.
ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് കാറുകളും വാടകക്ക് എടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.