മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം; ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ
നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും നൽകണമെന്നും ഹരജിയിൽ പറയുന്നു
കൊച്ചി: മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഇന്റേണുകൾ, ഹൗസ് സർജൻസ് എന്നിവർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും നൽകണമെന്നും ഹരജിയിൽ പറയുന്നു. ഹരജി ഇന്ന് ഉച്ചക്ക് ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിങ് നടത്തും. ഹൗസ് സർജൻസി വിദ്യാർഥിയായ ഡോക്ടർ വന്ദനയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി പ്രത്യേക സിറ്റിങിനൊരുങ്ങുന്നത്. ആരോഗ്യപ്രവർത്തകർക്ക് തൊഴിലിടത്തിൽ സുരക്ഷ ഉറപ്പാക്കുന്ന നിയമനിർമാണം നടത്തുമെന്നും,ഇനി ആക്രമണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.സർക്കാരിന്റെ ഈ ഉറപ്പാണ് ഇന്ന് ലംഘിക്കപ്പെട്ടത്.
ക്രിമിനൽ കേസിലെ പ്രതിയെ ആശുപത്രിയിൽ എത്തിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുൻകരുതലിൽ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് കോടതി പരിശോധിക്കുക. സംസ്ഥാന സർക്കാരിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടും.